National
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ ട്രാസ്ഫോർമർ പൊട്ടിത്തെറിച്ച് വൈദ്യുതി തടസം നേരിട്ടു. വൈദ്യുതി മുടങ്ങിയത് റാപ്പിഡ് മെട്രോ സർവീസുകളെ ഒരു മണിക്കൂറോളം ബാധിച്ചു. നിരവധി യാത്രക്കാരാണ് മെട്രോയ്ക്കുള്ളിൽ കുടുങ്ങിയത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
സാങ്കേതിക തകരാറിനെ തുടർന്നുണ്ടായ ഓയിൽ ചോർച്ചയാണ് ട്രാൻസ്ഫോർമർ സർക്യൂട്ടിൽ സ്ഫോടനത്തിനും തീപിടിത്തത്തിനും കാരണമെന്ന് അധികൃതർ പറഞ്ഞു. തീപിടിത്തത്തെ തുടർന്ന് വൈദ്യുതി ബന്ധം പൂർണമായും നിലക്കുകയായിരുന്നു.
അമിതമായ ചൂട് കാരണമാണ് അപകടമുണ്ടായത്. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മെട്രോ പാതിവഴിയിൽ നിർത്തിയതോടെ യാത്രക്കാർ ട്രാക്കിലൂടെ നടന്നുപോവുകയായിരുന്നു. ഗുരുഗ്രാമിൽ താപനില 41 ഡിഗ്രി സെൽഷ്യസിൽ എത്തിയതിനെ തുടർന്ന് വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും കടുത്ത പ്രതിസന്ധിയാണ് ജനങ്ങൾ നേരിടുന്നത്.
District News
ഫോർട്ടുകൊച്ചി : കടുത്ത ചൂടും കൊതുകുശല്യവും മൂലം ദുരിതത്തിലായ പള്ളുരുത്തി പെരുമ്പടപ്പ് നിവാസികൾക്ക് ഇടിത്തീയായി വൈദ്യുതി ഇല്ലാത്ത രാത്രി. തിങ്കളാഴ്ച രാത്രി 11 ഓടെ ആദ്യം കറണ്ടു പോയി പിന്നീട് പുലർച്ചെ 2.30 വരെ അഞ്ച് മിനിറ്റ് ഇടവേളയിൽ കറണ്ട് വന്നും പോയി നിന്നു.
കുട്ടികളും പ്രായമായവരും രോഗികളായവരും ഉൾപ്പെടെയുള്ള നാട്ടുകാർ കടുത്ത ചൂടിൽ ഉരുകിയൊലിച്ചു. കിടപ്പു രോഗികൾ പലരും അവശതയിലായി. കുഞ്ഞുകുട്ടികൾ ഉൾപ്പെടെയുള്ളവരുമായി പൊതു റോഡിലും വീടിന്റെ
ടെറസിലും നാട്ടുകാർ അഭയം തേടി. കടുത്ത ചൂടിനൊപ്പം കൊതുകശല്യം കൂടിയായപ്പോൾ പെരുമ്പടപ്പു നിവാസികൾക്ക് അക്ഷരാർഥത്തിൽ ഒരു രാത്രി മുഴുവൻ ദുരിതരാത്രിയായി മാറി.
ഇന്നലെ പുലർച്ചെ തുടങ്ങിയ അറ്റകുറ്റപണികളുടെ പേരിൽ രാത്രി ഏഴ് വരെ കറണ്ടില്ലാതെ ജനം വലഞ്ഞു.
ടാങ്കിൽ കുടിവെള്ളം നിറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മുടങ്ങിയതുംജനത്തെ വലച്ചു വൈദ്യുതി ബോർഡിന്റെ നിയന്ത്രണത്തിനു പിന്നാലെ നിരന്തരമായുള്ള കറണ്ടുപോക്ക് വലിയ ദുരിതമായി മാറുകയായിരുന്നു.പെരുമ്പടപ്പ്, കോണം, ചേമ്പുംകണ്ടം ,ശ്രീനാരായണ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ജനം ദുരിതത്തിലായത്.
District News
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വൈദ്യുതി തടസ്സം യാത്രക്കാരെ വലിയ ദുരിതത്തിലാക്കി. തുടർച്ചയായ നാലാം ദിവസവും പൂർണ്ണമായി വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിക്കാത്തത് വിമാന സർവീസുകളെയും ടെർമിനലിലെ പ്രവർത്തനങ്ങളെയും കാര്യമായി ബാധിച്ചു. നിരവധി യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നു.
വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ നിലയ്ക്കുകയും ചൂട് കാരണം യാത്രക്കാർ, പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും വലയുകയും ചെയ്തു. വിമാനത്താവളത്തിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും തടസ്സപ്പെട്ടത് വലിയ പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ഈ സ്ഥിതിക്ക് കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു.
വൈദ്യുതി വിതരണം സാധാരണ നിലയിലാക്കാൻ ഊർജ്ജിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, താൽക്കാലികമായി ജനറേറ്ററുകൾ ഉപയോഗിച്ച് ഭാഗികമായി വൈദ്യുതി ലഭ്യമാക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. എന്നിരുന്നാലും, എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിച്ച് സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യം